"ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ ലോകത്തിനു നടുവില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിലും അംഗമാകാതെ ഓരോ കുടുംബത്തിലും അംഗമാകുനവന്‍, മനുഷ്യന്‍റെ വേദനകളില്‍ പങ്കുചേരുന്നവന്‍, അവരുടെ സങ്കടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവന്‍, അവരുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയിലേക്ക് എത്തിച്ച് ദൈവത്തിന്‍റെ കരുണയും പ്രത്യാശയും അവര്‍ക്ക് തിരികെ കൊടുക്കുന്നവന്‍, ഓ പുരോഹിതാ അങ്ങയുടെ ജീവിതം എത്രയോ ശ്രേഷ്ഠം."
- (ലക്കോര്ഡയർ )
കാലചക്രം മുന്നോട്ട് നീങ്ങുകയാണ് ഒപ്പംതന്നെ നമ്മുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ കാഴ്ചപ്പാടുകളും. ആ ഗതിവിഗതികളുടെ ബഹിസ്ഫുരണം ഒരു പരിധിവരെ പൗരോഹിത്യജീവിതത്തെയും പൗരോഹിത്യകാഴ്ചപ്പാടുകളെയും തെല്ലൊന്ന് സ്വാധീനിച്ചിട്ടുണ്ട്. ഒരുകാലഘട്ടത്തിന്‍റെതന്നെ വക്താവും ഗുരുവും സംരക്ഷകനും സത്തയുമായിരുന്ന വൈദികന്‍ എന്ന പദം വിമര്‍ശനങ്ങലക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ വൈദികരുടെ മദ്യസ്ഥനായ വി. ജോണ്‍ മരിയാ വിയാനിയുടെ ജീവിതം നമുക്കൊരു നേര്‍വിചിന്തനത്തിന് വഴിയോരുക്കുന്നുണ്ട്.
അസാധാരണമായ ദൈവാശ്രയബോധം ജീവിതത്തിലുടനീളം കൊണ്ടുനടന്ന സാധാരണക്കാരനായ ഒരു വികാരിയച്ചന്‍, അതായിരുന്നു വി. ജോണ്‍ മരിയാ വിയാനി. പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ യൂറോപ്പിന്‍റെ സാംസ്കാരിക-സാമ്പത്തിക മേഘലയില്‍ സ്വാധീനശക്തിയായി നിലകൊണ്ട ഫ്രഞ്ചുവിപ്ലവം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിനില്‍ക്കുന്ന കാലഘട്ടത്തില്‍ 1786 മെയ് 8നു മാത്യു വിയാനിയുടെയും മരിയാ ബലുസയുടെയും ആറുമക്കളില്‍ നാലാമനായി ഫ്രാന്‍സിലെ ടാര്‍ടിലി എന്ന സ്ഥലത്ത് വി. ജോണ്‍ മരിയാ വിയാനി ഭൂജാതനായി. ക്രിസ്തീയ പുണ്യങ്ങളുടെ ബാലപാഠങ്ങള്‍ തന്‍റെ മാതാപിതാക്കളില്‍നിന്നും കണ്ടുപഠിക്കാന്‍ ഭാഗ്യം ലഭിച്ച ആ കുഞ്ഞ്, തികച്ചും കത്തോലിക്കമായ കുടുംബാന്തരീക്ഷത്തിലും ദൈവഭക്തിയിലും പരസ്നേഹത്തിലും വളര്‍ന്നുവന്നു. ചെറുപ്പം മുതലേ തികഞ്ഞ മാതൃഭക്തിയില്‍ വളര്‍ന്നുവന്ന കുഞ്ഞുവിയാനിയുടെ ഏറ്റവും അമൂല്യമായ സമ്പാദ്യം പരിശുദ്ധ അമ്മയുടെ ചെയിയ ഒരു രൂപമായിരുന്നു. ചെറുപ്പം മുതലേ കൈമുതലാക്കിയ ആ മാതൃഭക്തി ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ നേരിടാന്‍ അദ്ദേഹത്തെ ശക്തനാക്കി എന്നതിന് അദ്ദേഹത്തിന്‍റെ ജീവചരിത്രം തന്നെ സാക്ഷി !!! 1790 കാലഘട്ടങ്ങളില്‍ പൗരോഹിത്യ വിരുദ്ധമായ ആശയങ്ങള്‍ സമൂഹത്തെ സ്വാധീനിച്ചപ്പോഴും പൗരോഹിത്യത്തെ സ്നേഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ മരിയ ഭക്തിതന്നെയായിരുന്നു.
ദൈവത്തിന്‍റെ തിരഞ്ഞെടുപ്പുകളിലെല്ലാം ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ശക്തമായി ഒരുക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. വിയാനിയുടെ ജീവിതത്തില്‍ ദൈവം ആ ഒരുക്കങ്ങള്‍ നടത്തിയത് അവന്‍റെ മാതാപിതാക്കളിലൂടെയും അവന്‍റെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലൂടെയും ആയിരുന്നു. ക്രിസ്തുതന്നെയും തന്‍റെ ശിഷ്യരോട് അരുളിയല്ലോ, നിങ്ങളെന്നെ തിരഞ്ഞെടുക്കുകയല്ല മറിച്ചു് ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത് എന്ന്. ക്രിസ്തുവിന്‍റെ ആ തിരഞ്ഞെടുപ്പ്, തന്‍റെ ഇരുപതാം വയസ്സില്‍ പൗരോഹിത്യം തന്‍റെ ജീവിതാന്തസ്സായി തിരഞ്ഞെടുക്കാന്‍ വിയാനിയെന്ന യുവാവിന് പ്രേരകശക്തിയായി. തുടര്‍ന്നങ്ങോട്ട് പ്രതിസന്ധികളുടെ പേമാരിതന്നെയായിരുന്നു ആ ജീവിതത്തില്‍. ഇരുപതാം വയസ്സില്‍ അദ്ദേഹം തന്‍റെ വൈദികപഠനം ആരംഭിച്ചെങ്കിലും ഫ്രഞ്ചുവിപ്ലവത്തിന്‍റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന്‍റെ പഠനത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന് ലത്തീന്‍ പഠനം ഒരു കീറാമുട്ടിയായി നിന്നപ്പോള്‍ പൗരോഹിത്യത്തോടുള്ള ആഴമായ സ്നേഹം എളിമയോടെ കഠിനമായി അധ്വാനിക്കാനുള്ള പ്രേരകശക്തിയായി അദ്ദേഹത്തില്‍ നിലനിന്നു. ജീവിത പ്രതിസന്ധികളുടെ വേലിയേറ്റങ്ങള്‍ക്കും വെളിയിരക്കങ്ങല്‍ക്കുമൊടുവില്‍ 1815 ആഗസ്റ്റ്റ്റ് 12 ന് അദ്ദേഹം ക്രിസ്തുവിന്‍റെ പുരോഹിതനായി അഭിഷിക്തനായി.
ആദ്യ മൂന്നുവര്‍ഷക്കാലം ഫ്രാന്‍സിലെ എക്കൂലി ഇടവകയില്‍ കൊച്ചച്ചനായി സേവനമനുഷ്ടിച്ചതിനുശേഷം ആര്‍സ് എന്ന ഇടവകയുടെ വികാരിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അസ്സന്‍മാര്‍ഗ്ഗിഗതയ്ക്കും ദൈവനിഷേധത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച നാടായിരുന്നു ആര്‍സ് എന്ന ഇടവക. അവിടെക്കയക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മെത്രാന്‍ വിയാനിയച്ചനോട് പറഞ്ഞു, "ദൈവസ്നേഹം വറ്റിയ ഒരു നാടാണത് നീയതിനെ ദൈവസ്നേഹത്തിന്‍റെ പൂങ്ങാവനമാക്കി മാറ്റൂ." പ്രാര്‍ഥനയുടെ മനുഷ്യനായ ആ വികാരിയച്ചനില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നില്ലേ മെത്രാന്‍റെ ആ വാക്കുകളില്‍ നിറഞ്ഞുനിന്നത് എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്. ആര്‍സിലേയ്ക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടിയ ഒരു ബാലനോട് അദ്ദേഹം പറഞ്ഞു; "നീ എനിക്ക് ആര്‍സിലെക്കുള്ള വഴി കാണിച്ചുതരിക, ഞാന്‍ നിനക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ചുതരാം." പിന്നീടങ്ങോട്ട് ആ ജീവിതം മുഴുവന്‍ സ്വർഗ്ഗത്തിലേക്കുള്ള വഴിതെളിക്കുന്ന നല്ലിടയന്‍റെതായി രൂപന്തരപ്പെടുകയായിരുന്നു.
ആര്‍സിനെ നന്മയിലേക്ക് നയിക്കുക എന്നത് ശ്രമകരമായ ഉദ്ധ്യമാമായിരുന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തിനു ഉരുക്കുവാന്‍ കഴിയാത്ത ശിലകളില്ല എന്ന ബോധ്യം അദ്ദേഹത്തിന് കരുത്തേകി. തികഞ്ഞ ആത്മസംയമനത്തോടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തവും എന്നാല്‍ ലളിതവുമായ വചന വ്യാഖ്യാനങ്ങളിലൂടെയും വളരെ പതിയെ ആര്‍സില്‍ മാറ്റത്തിന്‍റെ തിരിതെളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നന്മയുടെ ആയിരം തിരികള്‍ തെളിയിക്കാന്‍ ആ ഒരു തിരി കത്തിയെരിയേണ്ടിയിരുന്നു. ആര്‍സിന്‍റെ മാനസാന്തരം തന്‍റെ ജീവനേക്കാള്‍ വിലയുള്ളതായി അദ്ദേഹം കരുതി. പാപസങ്കിര്‍ത്തന വേദിയില്‍ വി. കുമ്പസാരം കേള്‍ക്കുവാന്‍ ദിവസത്തിന്‍റെ ഭൂരിഭാഗവും അദ്ദേഹം നീക്കിവച്ചു. പൈശാചിക പീഡകള്‍ പലതരത്തില്‍ അദ്ദേഹത്തെ വെട്ടയാടിയപ്പോഴും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും മുന്‍പില്‍ അവയ്ക്ക് മുട്ടുമടക്കേണ്ടിവന്നു. ആര്‍സിന്‍റെ മാനസാന്തരം പതിയെ ഫ്രാന്‍ സുമുഴുവനിലെക്കും വ്യാപിച്ചു. ആയിരങ്ങള്‍ ആര്‍സിലെ വികാരിയെ കേള്‍ക്കുവാനായി ദിനംപ്രതി ആര്‍സിലേക്ക് ഒഴുകിയെത്തി. അങ്ങനെ ആര്‍സ് ഒരു പൂങ്കവനമായി ദൈവസ്നേഹത്തിന്‍റെ നറുമണം പ്രസരിക്കുന ദൈവസ്നേഹത്തിന്‍റെ പൂങ്കവനം.
നീണ്ട 41 വർഷം ആര്‍സില്‍ ദൈവസ്നേഹം വിതച്ച ആ നല്ലയിടയന്‍ 1859 ആഗസ്റ്റ് 4 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ ജീവിതവിശുദ്ധിക്കുള്ള അംഗീകാരമെന്നവണ്ണം 1925 മേയ് 31 ന് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അങ്ങനെ ചരിത്രം കണ്ട ഏറ്റവും നല്ല വികാരിയച്ചന്‍ സകല വൈദികരുടെയും മദ്ധ്യസ്ഥനായി.
ഈ വര്‍ത്തമാന കാലഘട്ടത്തിലും ഒരുപാട് വിയാനിമാര്‍ നമ്മുടെ ഇടവകകളില്‍ ജീവിക്കുന്നുണ്ട്. നാം പോലും അറിയാതെ അവരിലൂടെ ഒത്തിരിയേറെ അനുഗ്രഹങ്ങളും ദൈവം നമ്മിലേക്ക് വര്‍ഷിക്കുന്നുണ്ട്. ഓര്‍മിക്കുക, പൗരോഹിത്യം അതെന്നും വിലയുള്ളതാണ്. കാരണം അത് ക്രിസ്തുവിന്‍റെ പൗരോഹിത്യമാണ് എന്നതുതന്നെ. നമ്മുടെ കുടുംബങ്ങളിലും കൊച്ചു വിയാനിമാര്‍ ജനിക്കട്ടെ, നമ്മുടെ ഇടവകകളില്‍ യുവ വിയാനിമാര്‍ വളരട്ടെ, നമ്മുടെ രൂപതകളില്‍ ക്രിസ്തുവിന്‍റെ വിയാനിമാര്‍ പ്രശോഭിക്കട്ടെ. കാരണം, ക്രിസ്തുവിന്‍റെ സ്നേഹം, അതൊന്നിനുമാത്രമേ കഠിനമായ ശിലകളെ അമൂല്യമായ ശില്പ്പങ്ങളാക്കി തീര്‍ക്കാന്‍ സാധിക്കൂ.
ഓ നിത്യപുരോഹിതനായ ഈശോയെ അങ്ങയുടെ വൈദികരെ അങ്ങയുടെ തിരുഹൃദയത്തില്‍നിന്ന് ഒഴുകുന്ന തിരുച്ചോരത്തുള്ളികളാല്‍ കഴുകി സാധാ വിശുദ്ധീകരിക്കേണമേ. പരി. അമ്മേ അമ്മയുടെ നീല മേലങ്ങിയാല്‍ അവരെ പൊതിഞ്ഞു സംരക്ഷിക്കേണമേ. ആമ്മേന്‍.
Comments
Post a Comment